മലയാളസിനിമയെ ഏഴാം കടലിനക്കരെ എത്തിച്ച നിർമാതാവായിരുന്നു കഴിഞ്ഞ ദിവസം എന്തരിച്ച ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ. വെറും പണം മുടക്കുന്നയാളല്ല നിർമാതാവെന്നും സിനിമ നിർമാതാവിന്റെ കൂടി കലയാണെന്നും തെളിയിക്കുന്നതായിരുന്നു ജിയോ പിക്ച്ചേഴ്സ് നിർമിച്ച ചിത്രങ്ങൾ. സിനിമയുടെ പൂർണതയ്ക്കുവേണ്ടി എന്തു സാഹസത്തിനും അദ്ദേഹം തയാറായിരുന്നു.
ഒരു മലയാളസിനിമ പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുക എന്നത് ചിന്തിക്കാൻ കഴിയാതിരുന്ന കാലത്താണ് ഏഴാം കടലിനക്കരെ എന്ന ചിത്രം അദ്ദേഹം നിർമിച്ചത്. 1979ൽ ഐ.വി. ശശി സംവിധാനം ചെയ്ത ഈ ചിത്രം അതുകൊണ്ടു തന്നെ അക്കാലത്ത് വലിയ വാർത്താപ്രധാന്യം നേടി. 70 ലക്ഷം രൂപയായിരുന്നു ചെലവ്. അത് അക്കാലത്തെ റിക്കാർഡായിരുന്നു. കെന്നഡി എയർപോർട്ടും നയാഗ്ര വെള്ളച്ചാട്ടവും ന്യൂയോർക്ക് തെരുവുകളുമെല്ലാം അന്നത്തെ കാലത്തെ പ്രേക്ഷകർക്ക് വിസ്മയങ്ങളായിരുന്നു. മലയാളസിനിമയിലെ ആഢ്യത്വമുള്ള സിനിമ കന്പനി എന്നാണ് ജിയോ പിക്ച്ചേഴ്സിനെ വിശേഷിപ്പിച്ചിരുന്നത്.
സിനിമാ നിർമാണം ഒരു തപസ്യയായി കണ്ടാണ് ഓരോ സിനിമയും അദ്ദേഹം നിർമിച്ചത്. സിനിമയുടെ ആശയം സ്വയം കണ്ടെത്തി അതിനുപറ്റിയ രചയിതാവിനേയും സംവിധായകനെയും കണ്ടെത്തുകയായിരുന്നു പലപ്പോഴും അദ്ദേഹം. ഐ.വി. ശശിയുടെ ഒട്ടുമിക്ക ഹിറ്റ് സിനിമകളുടെയും നിർമാണം ജിയോ മൂവീസ് ആയിരുന്നു. ജയന് താരപരിവേഷം നേടിക്കൊടുത്ത മീൻ ജിയോ മൂവീസിന്റെ വന്പൻഹിറ്റ് ചിത്രമാണ്. കാഷ്മീരിൽ ചിത്രീകരിച്ച തുഷാരവും പ്രേക്ഷകർക്ക് വലിയ പുതുമ നല്കി. കാഷ്മീരിൽ ചിത്രീകരിച്ച ആദ്യ മലയാളസിനിമ കൂടിയായിരുന്നു തുഷാരം. ഇനിയും പുഴ ഒഴുകും, ഈ നാട്, ഇനിയെങ്കിലും, അബ്കാരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ജിയോ മൂവീസിന്റേതായി വന്നു.
മണിരത്നം സംവിധാനം നിർവഹിച്ച മോഹൻലാൽ ചിത്രം ഉണരൂ നിർമിച്ചതും ജിയോ പിക്ച്ചേഴ്സ് ആയിരുന്നു. 1966ൽ അദ്ദേഹം കേരള ഫിലിം ചേംബർ പ്രസിഡന്റും സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ എക്സിക്യുട്ടീവ് അംഗവുമായിരുന്നു. മലയാള സിനിമയുടെ നിർമാണ-വിതരണ രംഗത്തെ ഏഴ് പതിറ്റാണ്ടിന്റെ അനുഭവങ്ങൾ ക്രോഡീകരിച്ച് ’സിനിമയും ഞാനും-70 വർഷങ്ങൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
കാവാലം എട്ടുപറ എൻ.എക്സ്. ജോർജിന്റെയും നിധീരി എലിയാമ്മയുടെയും മകനായി കോട്ടയത്ത് ജനനം. കോട്ടയം എംഡി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും മദ്രാസ് ലെയോള കോളജിൽ നിന്ന് ബിരുദവും നേടി. മലയാളത്തിലെ ആദ്യകാല സിനിമയായ പ്രസന്ന നിർമിച്ചത് അദ്ദേഹത്തിന്റെ പിതാവ് എൻ.എക്സ്. ജോർജാണ്. എൺപതുകളുടെ അവസാനത്തോടെ സ്വരം നന്നായപ്പോൾ പാട്ടുനിർത്തുംപോലെ സിനിമ നിർമാണത്തിൽ നിന്ന് അദ്ദേഹം പൂർണമായും പിൻവാങ്ങി. എങ്കിലും ജിയോ കുട്ടപ്പൻ എന്ന നിർമാതാവ് മലയാളസിനിമയിൽ ഉണർത്തിവിട്ട തരംഗം ചലച്ചിത്രപ്രേമികൾക്ക് മറക്കാനാവില്ല.